റാന്‍സംവെയര്‍ ആക്രമണം : വിൻഡോസ് ഒളിച്ചുകളിക്കുന്നുവോ ?

റാന്‍സംവെയര്‍ ആക്രമണം : വിൻഡോസ് ഒളിച്ചുകളിക്കുന്നുവോ ?

ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം കമ്പ്യൂട്ടറുകളെ നിശ്ചലമാക്കി മുന്നേറിക്കൊണ്ടിരിക്കുന്നു ‘WannaCry Ransomware ‘ സൈബർ ആക്രമണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഓരോദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ് . 150 ഓളം രാജ്യങ്ങളിലെ ഏകദേശം 230000 കംപ്യൂട്ടറുകളാണ് ഇതുവരെ അക്രമിക്കപ്പെട്ടിരിക്കുന്നത് . ഇതിൽ ഇംഗ്ളണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ആശുപത്രികള്‍, യൂറോപ്യന്‍ വാഹന നിര്‍മാണ കമ്പനിയായ നിസ്സാന്‍ , സ്പാനിഷ് കമ്പനിയായ ടെലിഫോണിക്ക മുതലായ വമ്പന്‍ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു. ഇത് സംബന്ധിച്ച ചില യാഥാർഥ്യങ്ങളും സംശയങ്ങളും ദുരൂഹതകളും പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്നു.

എന്താണ് Wannacry Ransomware

നമ്മുടെ കമ്പ്യൂട്ടറുകളെ തടവിലാക്കി വിട്ടുകിട്ടാന്‍ മോചനദ്രവ്യം ആവശ്യപ്പെടുന്ന ഒരു തരം സൈബർ ആക്രമണമാണ് ‘Wannacry ‘. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെ ആണിത് ബാധിക്കുന്നത്. ക്രുത്യമായി ആസൂത്രണം ചെയ്യപ്പെട്ട ഒരു നെറ്റ്‌വർക്ക് അറ്റാക്കിലൂടെ വരുന്ന സ്പാം ഇമെയിലിലും മറ്റും അറ്റാച്ച് ചെയ്യപ്പെട്ട ഡോക്യൂമെന്റുകൾ തുറക്കുമ്പോൾ ആണ് wannacry സിസ്റ്റത്തിനുള്ളിൽ പ്രവേശിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു. ഇത്തരത്തിൽ പ്രവർത്തനം തുടങ്ങുന്ന സോഫ്റ്റ്‌വെയർ ഇതുവരെ നിലവിലില്ലാത്ത kill switch എന്ന സെർവർ നാമത്തിനായി നെറ്റ്‌വർക്കിൽ തിരയും . അങ്ങനെയൊന്നില്ല എന്ന് മനസിലാകുന്ന ransomware കംപ്യൂട്ടറിലുള്ള ഫയലുകൾ ഓരോന്നായി എൻക്രിപ്ട് ചെയ്യാൻ തുടങ്ങും. തുടർന്ന് താങ്കളുടെ സിസ്റ്റം ആക്രമിക്കപ്പെട്ടെന്നും വിവരങ്ങൾ തിരികെ കിട്ടാനായി ഏകദേശം 300 ഡോളർ മൂന്നു ദിവസത്തിനകമോ 600 ഡോളർ ഏഴു ദിവസത്തിനകമോ ഡിജിറ്റൽ കറൻസി ആയ bitcoin വഴി അടക്കുവാൻ ആവശ്യപ്പെടുന്ന ഒരു സന്ദേശം പ്രത്യക്ഷപ്പെടും. bitcoin കറൻസി ലോകത്തിലെ ഇടപാടുകാരുടെ വിവരങ്ങള്‍ വച്ച് യഥാർത്ഥ ലോകത്തിൽ ഇവർ ആരോക്കെയാണ് എന്ന് കണ്ടുപിടിക്കാൻ സാധിക്കാത്തത് അന്വേഷണത്തെ കൂടുതൽ വിഷമകരമാക്കി തീർക്കുന്നു.

ഇത്തരത്തിൽ തടവിൽ ആക്കപ്പെട്ട കംപ്യൂട്ടറുകൾ മോചിപ്പിക്കുന്നതിനായി മോചനദ്രവ്യം നൽകുമ്പോൾ എൻക്രിപ്ട് ചെയ്ത വിവരങ്ങൾ ഡീക്രിപ്ട് ചെയ്യാൻ ആവശ്യമായ ഡീക്രിപ്ഷൻ കീ അടങ്ങുന്ന പ്രോഗ്രാം ലഭ്യമാകുമെന്നാണ് പറയപ്പെടുക . കാലാവധി കഴിയുന്നതുനുള്ളിൽ പണം അടയ്ക്കാത്ത പക്ഷം എൻക്രിപ്ട് ചെയ്യപ്പെട്ട വിവരങ്ങൾ സ്ഥിരമായി ലോക്ക് ചെയ്യപ്പെടുകയും നഷ്ടപ്പെടുകയും ചെയ്യും.. മെയ് 17 വരയുള്ള കണക്കുകൾ വച്ച് ഏകദേശം 70000 ഡോളർ മൂല്യം വരുന്ന bitcoin നുകൾ ഇതിനോടകം മോചനദ്രവ്യമായി നൽകപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ആക്രമിക്കപ്പെട്ട കമ്പ്യൂട്ടറുകളെ മോചിപ്പിക്കുവാൻ ഇതുവരെയും മറ്റൊരു മാർഗവും കണ്ടെത്തിയിട്ടില്ല. മോചനദ്രവ്യം നൽകുന്നത് ക്രിമിനലുകൾക്ക് തുടർന്നും പ്രോത്സാഹനം നൽകും എന്നതിനാൽ നിങ്ങളുടെ സിസ്റ്റം പൂർണമായി തുടച്ചു നീക്കി ബാക്കപ്പുകളെ ആശ്രയിക്കുവാനാണ് ശാസ്ത്രലോകം നൽകുന്ന നിർദേശം.

ഇവിടം കൊണ്ടും തീരുന്നില്ല ആക്രമണം . വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ സെർവർ മെസ്സേജ് ബ്ലോക്ക് (smb ) നെറ്റ്‌വർക്ക് പ്രോട്ടോകോളിലെ സുരക്ഷാ പിഴവ് ഉപയോഗിച്ചുകൊണ്ട് ഇവ ഒരേസമയം ലോക്കൽ നെറ്വർക്കിലെ കംപ്യൂട്ടറുകളിലേക്കും ഇന്റർനെറ്റില്‍ റാൻഡം ആയി തിരഞ്ഞെടുക്കപ്പെട്ട കംപ്യൂട്ടറുകളിലേക്കും പരക്കുന്നു. വിൻഡോസിന്റെ അപ്ഡേറ്റ് ചെയ്യപ്പെടാത്ത സിസ്റ്റങ്ങളും സപ്പോർട്ട് നിർത്തലാക്കിയ XP പോലുള്ള വേർഷനുകളിലും ഇവ എത്തപെടുന്നതുവഴി ആക്രമണം നിമിഷങ്ങൾക്കുള്ളിൽ വ്യാപിക്കപ്പെടുന്നു.ഇതുകൂടാതെ മറ്റു പലതരത്തിലുള്ള ആക്രമണരീതികളും wannacry ഉപയോഗിക്കുന്നതായാണ് പുതിയ വിവരങ്ങൾ.

വിപണിയിൽ നിന്ന് നിര്‍മ്മതാക്കള്‍ തന്നെ പിൻവലിച്ച Windows XP പോലുള്ള ഉത്പന്നങ്ങളാണ് പലരും ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ഈ ആക്രമണത്തെ ഏറ്റവും വിനാശകാരിയാക്കി തീർത്തത്.ആക്രമണത്തിനിരയായ ഇംഗ്ളണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ആശുപത്രികള്‍ ഉപയോഗിച്ചിരുന്നത് Windows XP ആണെന്നാണ് അറിയാന്‍ കഴിയുന്നത്. അത്തരം ഉത്പന്നങ്ങളിലുള്ള സുരക്ഷാ പാളിച്ചകൾ ഉടനടി പരിഹരിക്കുക എന്നുള്ളത് സാധ്യമല്ല കാരണം മൈക്രോസോഫ്ട് അങ്ങനെയുള്ള യൂസേഴ്‌സിനെ സപ്പോർട്ട് ചെയ്യുന്നില്ല എന്നതുതന്നെ . അതുകൊണ്ടാണ് രണ്ടുമാസം മുൻപ് മൈക്രോസോഫ്ട് ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച അറിഞ്ഞിട്ടും അത് തടയാൻ നിർമ്മിച്ച പാച്ചുകളിൽ വിൻഡോസ് XP പോലുള്ള പഴയ വേര്‍ഷനുകള്‍ ഉൾപെടാതെപോയത്.

സുരക്ഷാപിഴവ് പരിഹരിക്കാനുള്ള പാച്ച് സോഫ്റ്റ്വെയര്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും നല്ലൊരു വിഭാഗം ഉപയോക്താക്കളും അത് ഇന്‍സ്റ്റാള്‍ചെയ്തിട്ടില്ല. അടിയന്തര ഘട്ടത്തെ നേരിടാനെന്നോണം മൈക്രോസോഫ്ട് സപ്പോർട്ട് നിർത്തലാക്കിയ വേർഷനുകൾക്കും കഴിഞ്ഞ ദിവസം പാച്ചുകൾ നൽകി തുടങ്ങി.ഈ പാച്ചുകൾ ലൈസന്‍സുള്ള വിന്‍ഡോസ് ഉപയോക്താക്കള്‍ക്കേ ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ.

MalwareTec എന്ന സൈബർ സുരക്ഷാ സ്ഥാപനം കില്ലർ സ്വിച്ച് എന്ന സെർവർ നാമം രജിസ്റ്റർ ചെയ്തതോടെ ഈ ആക്രമണത്തിന് ചെറിയ തോതിലുള്ള ശമനം വന്നിട്ടുണ്ടെങ്കിലും അത്തരത്തിലുള്ള ഒരു പഴുത് ഇല്ലാത്ത wannacry ഉടെ പുതിയ പതിപ്പുകള്‍ പ്രചരിക്കുന്നതായാണ് വിവരം..

എന്തുകൊണ്ട് വിൻഡോസ് ?

കോടിക്കണക്കിനാളുകൾ വർഷങ്ങളായി നിത്യേന ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയർ എന്ന നിലയിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഒരു ചെറിയ സുരക്ഷാ പിഴവ് എങ്ങേനെയാണ് ഇത്രയും നാശം വിതച്ചത് എന്ന് നാം അമ്പരക്കുന്നുണ്ടാവാം. ആരും ഇതുവരെയും കണ്ടെത്താഞ്ഞത് എന്തുകൊണ്ടാവാം ?

വിൻഡോസ് ഉപഭോക്താക്കൾക്ക് ആർക്കും തന്നെ ആ സോഫ്റ്റ്‌വെയർ ഒരു കമ്പ്യൂട്ടറിൽ എന്തൊക്കെയാണ് പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്ന് അറിയാൻ സാധിക്കില്ല . അതുപോലെ തന്നെയാണ് ഓരോ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിന്റെയും പ്രവർത്തന രീതി . സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്യുന്ന കമ്പനിയിലെ ആളുകൾക്ക് മാത്രമേ അത് എന്തൊക്കെ ചെയ്യുന്നു എങ്ങെനെ ചെയ്യുന്നു എന്ന വിവരങ്ങൾ തീരുമാനിക്കാനും അറിയാനും സാധിക്കില്ല . അത് മറ്റൊരാൾക്ക് കൈമാറുന്നതിനോ മാറ്റം വരുത്തുന്നതിനോ പ്രസ്തുത കമ്പനിക്കല്ലാതെ മറ്റാർക്കും അധികാരവുമില്ല.

ഇത്തരത്തിലുള്ള സോഫ്റ്റ്‌വെയറിന്റെ വായനയോഗ്യമല്ലാത്ത ഒരു പതിപ്പാണ് ഓരോ കമ്പ്യൂട്ടർ ഉപഭോക്താവിനും ലഭിക്കുക . ആ പതിപ്പിന്റെ പ്രവർത്തനം ആരംഭിക്കുന്നതുമുതൽ അവസാനിക്കുന്നത് വരെ സോഫ്റ്റ്‌വെയർ എഴുതിയ ആൾ നിർദ്ദേശിച്ചിരിക്കുന്ന കാര്യങ്ങൾ വെറുതെ നടപ്പിലാക്കുന്ന പണി മാത്രമേ ഉപഭോക്താവിനുള്ളൂ . സോഫ്റ്റ്‌വെയർ കമ്പനി തരുന്ന നിർദ്ദേശങ്ങൾ തെറ്റുകൂടാതെ പ്രവർത്തികമാക്കുന്ന വെറും കളിപ്പാട്ടങ്ങളാണ് നമ്മൾ എന്ന് വേണമെങ്കിൽ പറയാം. നമ്മൾ വിലകൊടുത്തു സ്വന്തമാക്കിയ കംപ്യൂട്ടറുകളുടെ യഥാർഥ അധികാരി നമ്മളാണ് എന്നതിൽ ആർക്കും സംശയം ഉണ്ടാകാൻ ഇടയില്ല. പക്ഷെ ഈ അധികാരം നാം ഒരു സോഫ്റ്റ്‌വെയർ കമ്പനിക്ക് തീറെഴുതി കൊടുത്തു എന്ന് തന്നെയാണ് പറഞ്ഞു വരുന്നത് . ഇത്തരത്തിൽ നാം വിശ്വാസത്തോടെ അധികാരം ഏല്പിച്ച സോഫ്റ്റ്‌വെയറുകളുടെ അല്ലെങ്കിൽ അവയെ നിയത്രിക്കുന്ന സോഫ്റ്റ്‌വെയർ കമ്പനികളുടെ ഉത്തരവാദിത്വം വലുതാണ്. നമ്മുടെ സിസ്റ്റത്തെ എല്ലാവിധ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ കഴിയുന്ന രീതീയിൽ വേണം ആ സോഫ്റ്റ്‌വെയറുകൾ പ്രവർത്തിക്കാൻ .പക്ഷെ ആ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വിൻഡോസ് അല്ലെങ്കിൽ മൈക്രോസോഫ്റ്റിന് വീഴ്ച പറ്റി എന്ന് തന്നെയാണ് വ്യക്തമാവുന്നത് .

മൈക്രോസോഫ്ട് എന്താണ് പറയുന്നത് .

സെക്യൂരിറ്റി പിഴവ് പരിഹരിക്കാനുള്ള പാച്ചുകൾ രണ്ടു മാസം മുൻപ് തന്നെ പുറത്തിറക്കിയിരുന്നു . പക്ഷെ മൈക്രോസോഫ്ടിനല്ലാതെ മറ്റാർക്കും കണ്ടെത്താൻ ബുദ്ധിമുട്ടേറിയ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉണ്ടായിരുന്ന ഈ പിഴവ് പുറത്തുവന്നത് മൈക്രോസോഫ്റ്റിലൂടെ അല്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത . ഈ പിഴവ് മുതലെടുത്ത് വ്യക്തി വിവരങ്ങൾ ചോർത്താൻ അമേരിക്കയുടെ നാഷണൽ സുരക്ഷാ ഏജൻസി വികസിപ്പിച്ച EternalBlue എന്ന സോഫ്റ്റ്‌വെയറിനെ കുറിച്ചും അതുപയോഗിച്ചു കൊണ്ട് അവർ ഇത്രയും നാൾ എന്തൊക്കെ ചെയ്തു എന്നതിനെയും കുറിച്ചുള്ള വിവരങ്ങൾ ചില ഹാക്കർമാർ പുറത്തുകൊണ്ടുവന്നതോടെയാണ് .

മൈക്രോസോഫ്ട് ഇറക്കിയ പ്രസ്താവനയില്‍ നാഷണൽ സുരക്ഷ ഏജൻസിയെ പിഴവ് ദുരുപയോഗം ചെയ്തതിലും അത് ഇത്രയും കാലം മൂടി വച്ചിരുന്നതിലും കുറ്റപ്പെടുത്തുന്നുണ്ട് . പക്ഷെ ഈ ചോദ്യങ്ങൾക്ക് അങ്ങനെയെങ്കില്‍ അവരും ഉത്തരം പറയേണ്ടതുണ്ട് .

  1. മൈക്രോസോഫ്റ്റിന്റെ കൈവശം മാത്രമിരിക്കുന്ന മൂലകോഡിൽ ഉള്ള പിഴവ് മറ്റുള്ളവർ എങ്ങെനെ കണ്ടെത്തി ?

  2. അതോ ആ പകർപ്പ് മറ്റാരുടെയെങ്കിലും കൈവശം എത്തിയിട്ടുണ്ടോ ? അഥവാ ആർകെങ്കിലും കൈമാറിയിട്ടുണ്ടെങ്കിൽ അത് ആർക്കൊക്കെ എന്ന് വെളിപ്പെടുത്തുവാൻ തയ്യാറാകുമോ ? അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കേണ്ടതല്ലേ ?

  3. മൂലകോഡുകൾ ചോർന്നുവെങ്കിൽ തുടർന്നും ആക്രമണങ്ങൾ ഉണ്ടാവില്ലേ?

  4. ഇത്രയും കാലമായിട്ടും മൈക്രോസോഫ്ട് എന്തുകൊണ്ട് ഈ പിഴവ് അറിഞ്ഞില്ല ?

  5. അതോ അറിഞ്ഞിട്ടും കമ്പനി താൽപര്യങ്ങൾക്കായി അവഗണിച്ചതാണോ ?

  6. രണ്ടു മാസം മുൻപ് ആക്രമണ സാധ്യത അറിഞ്ഞിട്ടും ചില പതിപ്പുകൾക്കു മാത്രമായി പാച്ചുകൾ ഇറക്കിയത് എന്തുകൊണ്ട് ?

  7. പഴയ പതിപ്പുകൾ ഉപയോഗിക്കുന്നവർക്ക് അപായസൂചനകൾ നൽകേണ്ടതതായിരുന്നില്ലേ ? അതോ അവരെ പൂർണമായും ഉപേക്ഷിച്ചതാണോ ?

  8. ഈ ആക്രമണം കൊണ്ട് ആക്രമികളെക്കാൾ മൈക്രോസോഫ്റ്റിനും ആന്റി വൈറസ് കമ്പനികൾക്കും അല്ലെ കൂടുതൽ ലാഭമുണ്ടായത് ?

  9. അറിഞ്ഞും അറിയാതെയും ലൈസൻസ് ഇല്ലാത്ത പതിപ്പുകൾ ഉപയോഗിക്കുന്ന കോടിക്കണക്കിനു സാധാരണ ഉപഭോക്താക്കളെ തടയാനും നിർബന്ധിതമായി ലൈസൻസ് എടുപ്പിക്കാനുമുള്ള ഒരു മറു വശം ഈ ആക്രമണങ്ങൾക്കുണ്ടോ ?

  10. ഇതുപോലുള്ള സുരക്ഷ വീഴ്ചകൾ ഇനിയും വിൻഡോസിൽ ഉണ്ടാവില്ലേ ?

  11. സുരക്ഷാ വീഴ്ച യഥാസമയം കണ്ടെത്തുന്നതിൽ പരാജയപ്പെട്ട മൈക്രോസോഫ്റ്റിന് ഇങ്ങനെ ഒരു ആക്രമണം ഇനി ഉണ്ടാവില്ല എന്ന് പറയാൻ പറ്റുമോ ?

  12. വിന്ഡോസ് അവരുടെ ഉപഭോക്താക്കളിൽ നിന്ന് എന്തെങ്കിലും ഒളിക്കുന്നുണ്ടോ ?

  13. വിവിധ സർക്കാർ അജൻസികളും മൈക്രോസോഫ്റ്റും തമ്മിൽ ഉള്ള രഹസ്യധാരണകൾ വെച്ച് വിവരങ്ങൾ ചോർത്താൻ പാകത്തിലുള്ള സുരക്ഷാ വീഴ്ച മനപ്പൂർവം നിർമിക്കപ്പെട്ടതാണ് എന്ന് പറഞ്ഞാൽ അത് തള്ളിക്കളയാൻ ആവുമോ ?

  14. അങ്ങനെയെങ്കിൽ വിൻഡോസ് ഇത്രയും കാലം ഉപഭോക്താക്കളെ പറ്റിക്കുകയായിരുന്നില്ലേ ?

ഈ ചോദ്യങ്ങൾക്കെല്ലാമുള്ള വ്യക്തമായ ഉത്തരങ്ങൾ തരാൻ മൈക്രോസോഫ്റ്റിന് ബാധ്യതയുണ്ട്. അത് സാധിക്കാത്തിടത്തോളം കാലം മൈക്രോസോഫ്റ്റും അമേരിക്കൻ നാഷണൽ സുരക്ഷാ ഏജൻസിയോടൊപ്പം സംശയത്തിന്റെ നിഴലിൽ തന്നെയാണ് .

ഇതിനെ കുറിച്ച് ആശങ്ക പെടുന്നവരോട് കുറച്ചധികം ചോദ്യങ്ങൾ കൂടി

  1. എന്തുകൊണ്ട് മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ആക്രമിക്കപ്പെട്ടില്ലാ ?

  2. ലോകത്തേറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ എന്നതുകൊണ്ടാണ് വിൻഡോസ് ആക്രമിക്കപ്പെട്ടത് എന്ന് പറയുന്നവരുണ്ട് . അങ്ങനെയെങ്കിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ ഉണ്ടാവേണ്ടത് ആൻഡ്രോയിഡിൽ ആണ് കാരണം അതാണ് ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. മാൽവെയറുകൾക്ക് ഡെസ്ക്ടോപ്പ് അല്ലെങ്കിൽ സ്മാർട്ഫോൺ എന്ന വേർതിരിവ് ഇല്ലാത്തതിനാൽ അതുവഴി കമ്പ്യൂട്ടറുകളെ കൂടാതെ സ്മാർട്ട് ഫോണുകളും തകർക്കമായിരുന്നു. അത് എന്തുകൊണ്ട് ഉണ്ടായില്ല ?

  3. ഇതുപോലുള്ള സുരക്ഷാ പിഴവുകൾ മറ്റുള്ള പ്രേത്യേകിച്ച് ലിനക്സ്/ ആൻഡ്രോയ്ഡ് പോലുള്ള സ്വതന്ത്ര ഓപ്പൺ സോഫ്റ്റ്‌വെയറുകകളിൽ കൂടുതൽ കാര്യക്ഷമമായി തിരുത്തപ്പെടുന്നു എന്ന് വേണ്ടേ കരുതാൻ ?

  4. അങ്ങനെയെങ്കിൽ മൂലകോഡുകൾ ഉൾപ്പെടെ ഉപഭോക്താവിന് കൂടുതൽ സ്വാതത്ര്യം സൗജന്യമായി നൽകുന്ന അവയല്ലേ കൂടുതൽ സുരക്ഷിതത്വം നല്‍കുന്നത്?

  5. ഉപഭോക്താക്കളിൽ നിന്നും ഒന്നും ഒളിക്കാനില്ലാത്ത ഒന്നും തിരിച്ചു ആവശ്യപ്പെടാത്ത സകല സ്വാതന്ത്ര്യങ്ങളും നൽകുന്ന ലാഭക്കൊതി തീരെയില്ലാത്ത സ്വന്തന്ത്ര സോഫ്റ്റ്‌വെയറുകൾ അല്ലെ യഥാർത്ഥത്തിൽ നാം ഉപയോഗിക്കേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും ?

ചിന്തിക്കേണ്ടതും ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതും നമ്മൾ ഓരോരുത്തരുമാണ് . ഇനിയും ഇങ്ങനെ ഒരു സൈബർ ആക്രമണം സംഭവിച്ചാൽ അതിനു സുരക്ഷിതമല്ലാത്ത അത്തരം സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്ന നമ്മൾ തന്നെയാണ് പ്രധാന ഉത്തരവാദി ..

Leave a comment